National
തിരുവനന്തപുരം: കോണ്‍ഗ്രസിൽ തെരഞ്ഞെടുപ്പു മേൽനോട്ടത്തിനു മാത്രമല്ല, തദ്ദേശ സ്ഥാപന തലത്തിൽ മുതിർന്ന നേതാക്കൾക്കു ചുമതല. പാലം വലിക്കുന്നവരെയും പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങാത്ത ജില്ലാ-പ്രാദേശിക നേതാക്കളെയും കണ്ടെത്താനുള്ള രഹസ്യനിരീക്ഷണത്തിനും കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളുണ്ട്.
കോണ്‍ഗ്രസ്, യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ ഏതെങ്കിലും പ്രാദേശിക നേതാക്കൾ പങ്കെടുക്കാതിരിക്കുകയോ തോൽപ്പിക്കാനായി വളഞ്ഞ വഴിയിലൂടെ നീക്കം നടത്തുകയോ ചെയ്യുന്നുണ്ടോയെന്നു നിരീക്ഷിക്കാനും കെപിസിസി ജനറൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുത്ത ജനറൽ സെക്രട്ടറിമാർക്ക് രഹസ്യ നിരീക്ഷണത്തിന്റെ ചുമതല നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് അതീവ ഗൗരവത്തോടെയാണു കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലായി കാണുന്നതിനാൽ വോട്ടർമാരുടെ മനസ് മനസിലാക്കാനും കെപിസിസി ഭാരവാഹികൾ ശ്രദ്ധിക്കും.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവരുടെ ജില്ലാതല പര്യടനവും തുടങ്ങുകയാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ജില്ലാതല പര്യടനം ഇന്നു തിരുവനന്തപുരം ജില്ലയിൽനിന്നു തുടങ്ങുകയാണ്. ഒരു ദിവസം ഒരു ജില്ലയിലെ പ്രചാരണ പ്രവർത്തനങ്ങൾ എന്ന നിലയിലാണ് പര്യടനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പര്യടനവും അടുത്ത ദിവസങ്ങളിൽ തുടങ്ങും.
മിക്ക തദ്ദേശ സ്ഥാപനങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ചതിനാൽ ഇവരുടെ ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾ ഏതാണ്ട് സമാപിക്കാറായി. സ്ഥാനാർഥിയെ വോട്ടർമാർക്കു പരിചയപ്പെടുത്തുകയാണ് ആദ്യഘട്ട പ്രചാരണം ലക്ഷ്യമിട്ടിരുന്നത്.
ഗ്രാമപഞ്ചായത്ത്, നഗരസഭ- കോർപറേഷൻ സ്ഥാനാർഥികൾ ആദ്യഘട്ട വീട് സന്ദർശന പരിപാടി മിക്കയിടത്തും പൂർത്തിയാക്കിയെന്നാണ് അവകാശ വാദം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. സമരത്തിന്റെ ഭാഗമായി 12ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
ശബരിമല സ്വർണ കവർച്ചയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര കൊള്ളയെന്ന് കോടതിക്ക് പറയേണ്ടിവന്നു. സ്വർണ കവർച്ചയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്.
ദേവസ്വം മന്ത്രിയും ബോർഡും രാജിവെക്കണം. വാസുവിനെ തലോടി ചോദ്യം ചെയ്താൽ സത്യം തെളിയില്ലെന്നും രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൃശൂർ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ തൃശൂരിലെത്തിയപ്പോൾ തലകറക്കം അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് തൃശൂർ സൺ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ ജനറൽ മെഡിസിൻ, ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് സുധാകരനെ പരിശോധിക്കുന്നത്.
എംആർഐ സ്കാനെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നതിനനുസരിച്ച് തുടർചികിത്സ നൽകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇതിൽ സര്‍ക്കാരും ദേവസ്വംബോര്‍ഡും പ്രതികൂട്ടിലാണ്.
അതിനാൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം. ശബരിമല സ്വര്‍ണപ്പാളി വിഷയം കോണ്‍ഗ്രസ് ഗൗരവമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് മേഖലാ ജാഥകൾ നടത്തും.
14 ന് കാസർഗോഡ്, പാലക്കാട്, തിരുവനന്തപുരം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നാണ് ജാഥകൾ ആരംഭിക്കുന്നത്. ജാഥകള്‍ 18ന് പന്തളത്ത് സംഗമിക്കും. കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹനാൻ എന്നിവർ ജാഥനയിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പിന്തുണ നല്‍കുകയും കോണ്‍ഗ്രസിനെയും ബിജെപിയെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തതിനു പിന്നാലെ അനുനയ നീക്കവുമായി കെപിസിസി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍എസ്എസ് നിലപാട് യുഡിഎഫിന് എതിരാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
എന്‍എസ്എസുമായി കോണ്‍ഗ്രസിന് എല്ലാ കാലത്തും നല്ലബന്ധമാണെന്നും എന്‍എസ്എസിന് എല്ലാ കാലത്തും സമദൂര നിലപാടാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ശബരിമല നിലപാട് ആചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസും നേതാക്കളും വിശ്വാസികള്‍ ആണെന്നും പ്രധാന നേതാക്കള്‍ എല്ലാം ഇരുമുടിക്കെട്ടുമായി ശബരിമല കയറുന്നവരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
എന്‍എസ്എസുമായി കോണ്‍ഗ്രസിന് യാതൊരു തര്‍ക്കവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. കോണ്‍ഗ്രസിനും എന്‍എസ്എസിനും ശബരിമലവിഷയത്തില്‍ ഒരേ ലക്ഷ്യമാണ്. അത് വിശ്വാസ സംരക്ഷണമാണ്. അതാണു കോണ്‍ഗ്രസും എന്‍എസ്എസും പുലര്‍ത്തുന്നത്.
വിശ്വാസ സംരക്ഷണത്തിന് പരിശ്രമിച്ചവരാണ് എന്‍എസ്എസ്. വിശ്വാസ പ്രശ്നത്തില്‍ ഉറച്ചതും സ്ഥിരതയുമുള്ള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. വിശ്വാസ സംരക്ഷണത്തെ എതിര്‍ത്തത് സര്‍ക്കാരാണ്. പോലീസിന്റെ സഹായത്തോടെ യുവതികളെ ശബരിമലയില്‍ എത്തിച്ചത് പിണറായി സര്‍ക്കാരാണ്.
കൂടാതെ 51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്കിയതും പിണറായി സര്‍ക്കാരാണെന്ന കാര്യം ആരും മറന്നിട്ടില്ല. കോണ്‍ഗ്രസും എന്‍എസ്എസുമായി തര്‍ക്കവും പ്രശ്നവുമാണെന്ന് വരുത്തി തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
എന്‍എസ്എസ് നേതൃത്വവുമായി ചർച്ച നടത്തുന്ന കാര്യത്തിൽ കെപിസിസി തീരുമാനമെടുക്കും. എന്‍എസ്എസിനെ കോണ്‍ഗ്രസ് വിമര്‍ശിക്കില്ലെന്നും തര്‍ക്കത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.